പ്രസിദ്ധീകരിച്ചത് ജനുവരി 14, 2024
കലയുടെ കാപട്യം: അധികാരത്തെ പരോക്ഷമായി വിമർശിക്കുന്നതിന്റെ പൊള്ളത്തരം
മലയാള കലയുടെ പരോക്ഷ വിമർശനം: പൊള്ളത്തരമോ, പ്രതിരോധമോ? നേരിട്ടുള്ള ഭാഷയിൽ അധികാരത്തെ വെല്ലുവിളിക്കാൻ കലാകാരന്മാർ ധൈര്യപ്പെടേണ്ടേ? സത്യത്തിന്റെ വെളിച്ചം പകർന്നു സമൂഹത്തിന്റെ മനഃസാക്ഷിയാകേണ്ടെ?

കലാകാരന്മാരെ ആവശ്യത്തിലധികം പുകഴ്ത്തുന്ന ഒരു സമൂഹം ആണ് മലയാളികൾ. പക്ഷെ, അവരും നമ്മുടെ സമൂഹത്തിന്റെ കണ്ണാടിയാണ്, ഹൃദയമാണ്, നീതിബോധത്തിന്റെ നാവുതൊടുക്കേണ്ടവർ ആണ്. പക്ഷേ, ഈ നാവു പലപ്പോഴും പ്രത്യക്ഷമായ വിമർശനം ഉന്നയിക്കാതെ, പ്രതീകാത്മകതയുടെയും മറഞ്ഞചിരിയുടെയും മറവിൽ, അധികാരത്തെ വെല്ലുവിളിക്കുന്നത് എത്രത്തോളം പ്രസക്തമാണ്? അവിടെയാണ് കലയുടെ കാപട്യം കടന്നുവരുന്നത്.
പരോക്ഷ വിമർശനത്തിന്റെ രൂപം പുരാണ-ഐതിഹ്യ കഥകളുടെ രൂപത്തിലും, കാലിക പ്രസക്തി ഒട്ടുമില്ലാത്ത ചരിത്ര അവലോകനങ്ങളുടെ രൂപത്തിലും, ഉദ്ധരണികളുടെ രൂപത്തിലുമാണ്. രാജക്കാന്മാരുടെ അഹന്തയും, പ്രജകളുടെ ദുരിതവും വിവരിക്കുന്ന, ഓർമയിൽ നിലക്കാത്ത എഴുതി വായിക്കുന്ന പ്രസംഗങ്ങളിലും, നാടകങ്ങളിലും, കവിതകളിലും, നമുക്ക് ഇത് കാണാം. എന്നാൽ, ആധുനിക സമൂഹത്തിൽ, ഈ കഥകൾ ചരിത്രത്തിന്റെ ചുളിവേറുകളിൽ ഒതുങ്ങുമ്പോൾ, അധികാരത്തിന്റെ ഇന്നത്തെ മുഖത്തെ നേരിടാൻ അവയ്ക്ക് ശക്തി പോരാ. ഫലമോ, നിഷ്പക്ഷത ധരിച്ച് പ്രതിരോധത്തിന്റെ തീ കെടുത്തും.
മറ്റൊരു രീതി ചിത്രീകരണത്തിലൂടെയുള്ള നർമവത്കരണമാണ്. രാഷ്ട്രീയ നേതാക്കളുടെ കാരിക്കേച്ചറുകൾ, അഴിമതിയെയും, അധികാര ദുർവിനിയോഗത്തെയും ലളിതവല്കരിച്ചു സർക്കാരിനെ നയിക്കുന്നവർക്ക് ആത്മവിശ്വാസം കൂടുതൽ നല്കുന്ന തിരുവാ എതിർവാ വക്രദൃഷ്ടി പരിഹാസങ്ങൾ - ഇവയെല്ലാം പൊതുജനമനസ്സിൽ ചിരി ഉണർത്തുന്നുണ്ടെങ്കിലും, പരിവർത്തനത്തിന്റെ വിത്തുകൾ വിതയ്ക്കുന്നില്ല. ചിരി ക്ഷണികമാണ്, മാറ്റത്തിന്റെ നീരാവില്ല.
പ്രതീകാത്മകതയും, രൂപകങ്ങളും ഉപയോഗിക്കുന്നതും പരിമിത ഫലം നൽകും. രൂപകങ്ങൾ വ്യാഖ്യാനത്തിന് വിധേയമാണ്, അവയെ അധികാരം തങ്ങളുടെ ആഖ്യാനത്തിലേക്ക് തിരിച്ചുവിടാം. പ്രതീകാത്മകതയും, ബിംബങ്ങളും ഒരു ബുദ്ധിപരീക്ഷയായി മാത്രം അവശേഷിക്കുന്നത് ഒഴിവാക്കാനാവില്ല എങ്കിലും.
അപ്പോൾ പരിഹാരം എന്ത്? കല, അതിന്റെ പുറം തോൽ നഷ്ടപ്പെടുത്തി, നേരിട്ടുള്ള ഭാഷയിൽ ധീരമായി സംസാരിക്കണം. അന്യായങ്ങൾ തുറന്നുകാട്ടണം, അനീതിയെ നേരിട്ട് വിമർശിക്കണം. പക്ഷേ, ഈ ധീരതയ്ക്ക് വില കൊടുക്കേണ്ടി വരും. നിരോധനങ്ങൾ, ആക്ഷേപങ്ങൾ, വേട്ടയാടലുകൾ എന്നിവ കലാകാരന്മാരെ കാത്തിരിക്കുന്നു. പക്ഷേ, ഈ ത്യാഗത്തിലൂടെ മാത്രമേ കല യഥാർത്ഥത്തിൽ മാറ്റത്തിന്റെയും നീതിയുടെയും കൂട്ടുമിത്രമാകുകയുള്ളൂ.
മലയാളികൾ കലയെ ആഘോഷിക്കുമ്പോൾ, കലയുടെ കാപട്യത്തെ ചോദ്യം ചെയ്യണം. നമ്മുടെ കലാകാരന്മാർ ഒരു നിലപാട് എടുക്കുകയും, അധികാരത്തിന്റെ ഇരുട്ടിൽ സത്യത്തിന്റെ വെളിച്ചം പകരാൻ തയ്യാറാകുകയും ചെയ്യണം. അപ്പോൾ മാത്രമേ കല അതിന്റെ യഥാർത്ഥ ധർമ്മം നിറവേറ്റുകയുള്ളൂ -- അങനെ സമൂഹത്തിന്റെ മനസ്സാക്ഷിയുടെ പ്രകാശമായി മാറുക.
അവർ ചെയ്ത തെറ്റ് ഞാനും ചെയ്യാൻ ആഗ്രഹിക്കാത്തതുകൊണ്ടു വ്യക്തമാക്കുകയാണ്, ഈ ലേഖനത്തിലൂടെ വിമർശിക്കുന്നത് എം, ടി, സക്കറിയ, മുകുന്ദൻ എന്നിവരെ തന്നെ ആണ്.